• ദൈവം വസിക്കുന്ന കുടുംബം Daivam Vasikkunna Kudumbam

ദൈവം വസിക്കുന്ന കുടുംബം Daivam Vasikkunna Kudumbam

Thomas Valliyanippuram

കുടുംബം എങ്ങനെ പോകുന്നു, അതുപോലെയാണ് സമൂഹവും രാഷ്ട്രവും എന്ന പഴമൊഴി അർത്ഥഗർഭമാണ്. മനുഷ്യവ്യക്തി ജനിക്കുന്നതും പരിശീലനം നേടുന്നതും കുടുംബത്തിലാണ്. മൂല്യങ്ങൾ ആർജ്ജിക്കുന്നതും ജീവിതായോധനത്തിനാവശ്യമായ സിദ്ധികൾ നേടുന്നതും കുടുംബത്തിൽനിന്നാണ്. കുടുംബങ്ങളുടെ കെട്ടുറപ്പിനും ക്ഷേമത്തിനുമാണ് സഭയും രാഷ്ട്രവും പരമമായ പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇന്ന് കുടുംബങ്ങൾ അനേകം വെല്ലുവിളികൾ നേരിടുന്നു. പരസ്പരസ്നേഹത്തോടും വിശ്വാസത്തോടും സമർപ്പണമനോഭാവത്തോടുംകൂടെ ദാമ്പത്യജീവിതം നയിക്കാൻ പലപ്പോഴും ദമ്പതികൾക്ക് സാധിക്കുന്നില്ല. വിവാഹമോചനത്തിന്റെ വക്കോളമെത്തുന്ന ഭിന്നതയും കലഹവും പല കുടുംബങ്ങളുടെയും അടിത്തറയിളക്കുന്നു. മദ്യാസക്തിയും മറ്റ് ദുശ്ശീലങ്ങളും കുടുംബങ്ങളെ അന്ധകാരത്തിലാഴ്ത്തുന്നു. സന്തത്യുല്പാദനത്തിനും കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചക്കും ആത്മീയവീക്ഷണത്തോടെ തങ്ങളെത്തന്നെ സമർപ്പിക്കാൻ ദമ്പതികൾക്കാവുന്നില്ല. കുടുംബത്തിൽ കുട്ടികൾ നേരിടുന്ന അന്യവല്ക്കരണവും ഏകാന്തതയും സ്നേഹശൂന്യതയും അവരുടെ സുരക്ഷിതമായ ഭാവിക്കുമേൽ കരിനിഴൽ പരത്തുന്നു. പ്രായംചെന്ന മാതാപിതാക്കളോടുള്ള ക്രൂരതയും വിവിധതരത്തിലുള്ള അവശതകൾ അനുഭവിക്കുന്നവരോടുള്ള അവഗണനയും കുടുംബത്തിന്റെ പവിത്രതയെ പിടിച്ചുലയ്ക്കുന്നുണ്ട്. കുടുംബക്ഷേമത്തിനും കുടുംബവിശുദ്ധീകരണത്തിനുമുള്ള മാർഗമെന്ത്? ദൈവത്തെ കൂട്ടാളിയാക്കിക്കൊണ്ട് കുടുംബം കെട്ടിപ്പടുത്താലേ, അതു ഭദ്രമായി നിലനില്ക്കൂ. കുടുംബത്തിൽനിന്ന് ദൈവികചൈതന്യം പടിയിറങ്ങുമ്പോൾ, സർവ്വതിന്മകളും അവിടെ വന്ന് പാർക്കും. ദൈവത്തോടൊത്തുള്ള കുടുംബജീവിതം സ്നേഹത്തിലും സത്യത്തിലും ധർമത്തിലും അധിഷ്ഠിതമായ നവജീവിതശൈലിയാണ്. ത്യാഗപൂർണമായ സ്നേഹത്തോടെ പരസ്പരം ശുശ്രൂഷിക്കാനും കരുണാപൂർവം പരസ്പരം ബഹുമാനിക്കാനും സത്യസന്ധമായി വ്യാപരിക്കാനും കുടുംബാംഗങ്ങൾക്ക് സാധിക്കുന്നത് സത്യവും സ്നേഹവും കാരുണ്യവുമായ ദൈവത്തെ കേന്ദ്രമാക്കി കുടുംബജീവിതസൗധം പടുത്തുയർത്തുമ്പോഴാണ്. ദൈവാരാധനയ്ക്കും പ്രാർത്ഥനക്കും വചനധ്യാനത്തിനും സൽകൃത്യങ്ങൾക്കും പ്രാധാന്യം കൊടുക്കുമ്പോഴാണ് കുടുംബാംഗങ്ങൾക്ക് ദൈവത്തോട് സജീവബന്ധം പുലർത്താൻ സാധിക്കുന്നത്. ദൈവകൃപ കുടുംബത്തിലേക്ക് ഒഴുകിവരുന്ന പ്രധാനമാർഗ്ഗമാണ് കുടുംബാംഗങ്ങൾ ഒന്നുചേർന്നുള്ള പ്രാർത്ഥന. ടെലിവിഷനും ഇതരമാധ്യമങ്ങളും പ്രാർത്ഥനയുടെ സ്ഥാനം തട്ടിയെടുക്കുന്ന ശോചനീയമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ജീവിത വ്യഗ്രതയും ധനസമ്പാദനമോഹവും മനുഷ്യമനസ്സിനെ ആകുലപ്പെടുത്തുമ്പോൾ ആത്മീയ സാധന പലപ്പോഴും അവഗണിക്കപ്പെടുന്നു. ഇതിന്റെ ദുരന്തഫലമാണ് കുടുംബത്തെ ബാധിക്കുന്ന ബന്ധത്തകർച്ചകളും മറ്റനേകം ജീർണ്ണതകളും. ദൈവകേന്ദ്രീകൃതമായ കുടുംബജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന അനേകം പാഠങ്ങൾ ബൈബിളിലുണ്ട്. ബൈബിൾ ദൈവനിവേശിതഗ്രന്ഥമാണ്. ബൈബിളിന്റെ യഥാർത്ഥ കർത്താവ് ദൈവമായതിനാൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നവ ദൈവവചനമാണ്. ബൈബിളിലെ തിരുവചനങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കഥകളിലൂടെയും ദൈവം കുടുംബങ്ങളോട് സംസാരിക്കുന്നു. ന്യായാധിപന്മാർ മുതൽ നെഹമിയാവരെയുള്ള പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള കുടുംബജീവിത വിചിന്തനമാണ് ഈ ഗ്രന്ഥത്തിലുള്ളത്. കുടുംബസമാധാനവും കുടുംബസൗഭാഗ്യവുമാണ് ദൈവത്തിന്റെ ഹിതമെന്ന് വെളിപ്പെടുത്തുന്ന പാഠങ്ങളാണ് ഈ പുസ്തകങ്ങളിലുള്ളത്. ദൈവത്തോടുചേർന്ന് കുടുംബജീവിതം നയിച്ചാൽ കുടുംബാംഗങ്ങൾ എല്ലാ അനുഗ്രഹങ്ങൾക്കും അവകാശികളായിത്തീരും. നേരെമറിച്ച് ദൈവത്തിൽനിന്ന് അകന്നു ജീവിച്ചാൽ കുടുംബം നാശത്തിൽ കൂപ്പുകുത്തും. ദൈവത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനും ദൈവത്തിന്റെ കൃപയും രക്ഷയും നുകർന്ന് സന്തോഷപ്രദമായ കുടുംബജീവിതം നയിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Write a review

Please login or register to review

ദൈവം വസിക്കുന്ന കുടുംബം Daivam Vasikkunna Kudumbam

  • ₹200.00

  • Ex Tax: ₹200.00

Tags: ദൈവം, വസിക്കുന്ന, കുടുംബം, Daivam, Vasikkunna, Kudumbam, Thomas, Valliyanippuram